ആനവണ്ടിയില്‍ ഒരു രാത്രി സവാരി !





കൃത്യം 6.30നു തന്നെ പെരിന്തല്‍മണ്ണയില്‍ നിന്നും കല്പറ്റ കെഎസ്ആര്‍ടിസി ബസ്സ്‌ പുറപ്പെട്ടു. പലപ്പോഴും വയനാടിലെക്കുള്ള ബസ്സുകളോട് എനിക്ക് അസൂയ തോന്നാറുണ്ട്. കോട മഞ്ഞിന്‍റെ കുളിരും കാനനഭംഗിയും ആസ്വദിച്ചു ആ ബസ്സുകള്‍ എന്നും യാത്ര ചെയ്യുന്നു. യാത്രകള്‍ എനിക്ക് എന്നും ഒരു ഹരമാണ്. സഞ്ചാരങ്ങളില്‍ മനസ്സ് പലപല ചിന്തകളിലൂടെ ചലിക്കുന്നു. മിക്കപ്പോഴും ഒരു സവാരി കഴിഞ്ഞാല്‍ കൂടുതല്‍ ഊര്ജസ്വലതയോടെ എഴുതാന്‍ കഴിയുന്നു. എങ്കിലും യാത്രകളില്‍ മനസ്സില്‍ കടന്നെത്തുന്ന വികാരവിചാരങ്ങള്‍ അതെ ശക്തിയോടെ എഴുതാന്‍ മിക്കപ്പോഴും അതിനടുത്ത ദിവസങ്ങളില്‍ കഴിയാറില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന്!

സന്ധ്യക്ക്‌ ആറു മണി കഴിഞ്ഞാല്‍ സ്ത്രീകളെ അപൂര്‍വ്വമായേ എന്റെ ജില്ലയില്‍ വീടിനു പുറത്തേക്കു കാണാറുള്ളു. തുഞ്ചന്റെ നാടും നല്ല റോഡും പ്രശസ്തമായ യുനിവേഴ്സിറ്റിയും വിമാനത്താവളവും എല്ലാം ഉള്ള ജില്ലയാണെങ്കിലും മലപ്പുറത്ത് കേരളത്തിലെ മറ്റു പല സ്ഥലങ്ങളും പോലെ സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരം നിഷിദ്ധമാണ്. സുര്യന്‍ ഉദിച്ച് അസ്തമിക്കുന്ന വരെ ഞങ്ങള്‍ മനുഷ്യരും അത് കഴിഞ്ഞാല്‍ വളര്‍ത്തു മൃഗത്തെ പോലെ വീടിനുള്ളില്‍ കതകടച്ചിരിക്കണം എന്നുമാണ് സമൂഹനിയമം. ഇല്ലെങ്കില്‍ പുരുഷന്‍ എന്ന ക്രൂരനാല്‍ അക്രമിക്കപ്പെട്ടെക്കാം എന്നാണ് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞിനോടും സമൂഹം മന്ത്രിക്കുന്നത്.

മൊബൈല്‍ അടിച്ചു കൊണ്ടേ ഇരിക്കുന്നു. എല്ലാം ബന്ധുക്കള്‍ ആണ്. ‘അസമയത്ത്’ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ ആധി എനിക്ക് അവരുടെ ശബ്ദത്തില്‍ തിരിച്ചറിയാം. ഞാന്‍ പുറത്തേക്കു നോക്കി. മാനത്ത് ആയിരം വര്‍ണങ്ങള്‍ വിരിയിച്ചു സൂര്യന്‍ പതുക്കെ പിന്‍വാങ്ങുന്നു. ഓരോ ദിവസവും സുഖമായി ഉറങ്ങാനാണ് മനുഷ്യന്‍ രാവിലെ മുതല്‍ അധ്വാനിക്കുന്നത്. അതിനിടയ്ക്ക് രാത്രിയുടെ മനോഹാരിത കാണാന്‍ ആര്‍ക്കും സമയം ഇല്ല. ബസ്സിനു പുറത്ത് മഴ പെയ്തു കൊണ്ടിരിക്കുന്നു. റോഡില്‍ കാറുകള്‍ ചീറി പായുന്നു. ഗ്ലാസ്‌ ഉയര്‍ത്തി എസി ഇട്ടു തണുപ്പില്‍ സീറ്റ്‌ ബെല്‍റ്റിനുള്ളില്‍ സുരക്ഷിതമായി ഇരുന്ന് കൂടെയുള്ള പുരുഷനോടും കുഞ്ഞുങ്ങളോടും കിന്നാരം പറയുന്ന സ്ത്രീജന്മങ്ങള്‍ മാത്രം നിരത്തിലെ പെണ്‍സാന്നിധ്യങ്ങള്‍ ആയി. സ്വന്തമായി വാഹനം അല്ലെങ്കില്‍ ആണ്‍തുണ ഇല്ലാത്ത സ്ത്രീകള്‍ക്ക് വീട്ടില്‍ “അടങ്ങി ഒതുങ്ങി മിണ്ടാതെ” ഇരിക്കാം. ഞാന്‍ യാത്ര ചെയ്യുന്ന ബസ്സിലും ഭര്‍ത്താവിനോ മകനോ അച്ഛനോ സഹോദരനോ ഒപ്പം “ധൈര്യപൂര്‍വ്വം” യാത്ര ചെയ്യുന്ന കുറച്ച് തരുണി മണികള്‍ ഉണ്ടായിരുന്നു.

ചെറുപ്പത്തില്‍ കേട്ട് ശീലിച്ചതിന്റെ പേടി കൊണ്ടോ എന്തോ ഇടയ്ക്കിടയ്ക്ക് ‘ഏതെങ്കിലും കൈയോ കാലോ എന്നെ ആക്രമിക്കാന്‍ വരുന്നുണ്ടോ’ എന്ന് ഞാനും ഇടയ്ക്കു സംശയിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു തോണ്ടല്‍. “ആരെടാ അത്” എന്നാ ഭാവത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പിന്‍സീറ്റിലെ ചേച്ചി സൈഡിലെ ഷട്ടര്‍ താഴ്ത്താന്‍ സഹായിക്കാന്‍ വിളിച്ചതാണ്. മനസ്സില്ലാമനസ്സോടെ ഓടി മറയുന്ന ജനലിലെ കാഴ്ച്ചകള്‍ ഞാന്‍ ആ ചേച്ചിക്ക് വേണ്ടി മൂടി വച്ചു.

സര്‍ക്കാര്‍ ബസ്സിലെ യാത്രകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം ആ വണ്ടികളില്‍ സാധാരണ വാഹനങ്ങളിലെക്കാള്‍ വലിയ ജനലുകള്‍ ആയിരിക്കും. കാഴ്ച്ചകള്‍ക്കും അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ചിന്തകള്‍ക്ക് ബ്രേക്ക്‌ ഇട്ടു ഞാന്‍ വണ്ടൂരില്‍ ഇറങ്ങി. എന്തുകൊണ്ട് ഞാന്‍ ഇത്രയും കാലം രാത്രി യാത്രയെ ഭയപ്പെട്ടു എന്ന് ഞാന്‍ അത്ഭുതപെട്ടു. കൂടെ മനസ്സ് മറ്റു സ്ത്രീകളോടായി പറഞ്ഞു, ” ന്‍റെ പെണ്ണുങ്ങളെ, ഇങ്ങള് ഇങ്ങനെ രാത്രി കുടീല് കുത്തിരിക്കാതെ പോറത്തെക്കൊക്കെ ഒന്നെറങ്ങീന്‍. അന്തിയാവുമ്പോ ഈ ദുനിയാവ് കാണാന്‍ നല്ല ശേലാണ്.”

An article written by Roopa on her blog “Parayathebakivechathu

2 Comments

  1. Albin October 6, 2012 at 12:16 PM - Reply

    പക്ഷെ എനിക്ക് തീരെ ഇഷ്ടമല്ലാത്തതും ഈ ഷട്ടര്‍ ആണ്..

  2. മുഹമ്മദ്‌ ബഷീര്‍ October 19, 2012 at 10:23 AM - Reply

    സ്ത്രീകളുടെ സുരക്ഷക്ക്‌ വേണ്ടിയാ രാത്രി പുരതിരങ്ങണ്ടാ എന്ന് പറയുന്നത് ….പുരഷനാല്‍ അക്രമികെപ്പെടും എന്ന് പറയുമ്പോള്‍ അത് നിങ്ങളുടെ വീട്ടിലെ മാത്രം അവസ്ഥ ആയിരിയ്ക്കും

Leave A Response