Article originally appeared in Kerala Kaumudi. © Copyright Keralakaumudi Online 2009 – 2010
നാമമാത്ര വര്‍ദ്ധനയെന്നു പറഞ്ഞ് നടപ്പാക്കിയ പുതുക്കിയ ബസ് ചാര്‍ജ് ഫലത്തില്‍ യാത്രക്കാരെ കൊള്ളയടിക്കലായി മാറുന്നു എന്നാണ് നാടെങ്ങും ഉയരുന്ന പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നത്. ചാര്‍ജ് വര്‍ദ്ധനയ്ക്കുമുന്‍പുതന്നെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ബസ് നിരക്ക് ഈടാക്കിയിരുന്ന നാടാണിത്. വിദഗ്ദ്ധ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വര്‍ദ്ധന വരുത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തിലൊരു മാറ്റം വരുത്തുമ്പോള്‍ കണക്കിലെടുക്കേണ്ടിയിരുന്ന അടിസ്ഥാന കാര്യങ്ങള്‍ പലതും പരിഗണിക്കപ്പെട്ടതായി തോന്നുന്നില്ല. നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഫെയര്‍സ്റ്റേജിലും മാറ്റം വരുത്തണമെന്ന് വളരെക്കാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്നതാണ്.
ഒരിക്കല്‍പ്പോലും അത് നടന്നില്ല. ഇക്കുറി നിരക്ക് കൂട്ടിയപ്പോഴാകട്ടെ പല ഫെയര്‍ സ്റ്റേജുകളിലും നിലവിലുള്ള നിരക്കില്‍നിന്ന് മുപ്പതും അന്‍പതും ശതമാനംവരെ ഉയര്‍ന്ന നിരക്ക് നല്‍കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരുമായി. മിനിമം നിരക്ക് അഞ്ചുരൂപയായി കൂട്ടിയപ്പോള്‍ അഞ്ചുകിലോമീറ്റര്‍ യാത്ര ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ ഫെയര്‍സ്റ്റേജുകളില്‍ മാറ്റമൊന്നും വരുത്താത്തതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത് നടപ്പാകുന്നില്ല. തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ ഓര്‍ഡിനറി ബസായി ഓടുന്ന അനന്തപുരി ബസുകളില്‍ പഴയതുപോലെ രണ്ടര കിലോമീറ്ററാണ് മിനിമം ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന ദൂരം. പരാതികള്‍ ഉയര്‍ന്നിട്ടും തെറ്റുതിരുത്താന്‍ നടപടിയായില്ല.
പുതുക്കിയ ബസ് ചാര്‍ജ് പ്രാബല്യത്തില്‍ വന്ന തിങ്കളാഴ്ച പല സ്ഥലങ്ങളിലും യാത്രക്കാര്‍ നിരക്ക് വര്‍ദ്ധനയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധത്തിനും സമരത്തിനും മുതിര്‍ന്നിരുന്നു. ബസുകള്‍ തടയുകയും ബസ് ജീവനക്കാരുമായി പോരിനുമുതിരുകയും ചെയ്തു. പൊലീസിന് പലവട്ടം ഇടപെടേണ്ടിവന്നു. അശാസ്ത്രീയമായ നിരക്കുവര്‍ദ്ധനയ്ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രശ്നം പഠിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അതിനുമുന്‍പ് ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചറിയാന്‍കൂടി നടപടി ഉണ്ടാകണം. കാരണം ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുംശേഷമാണ് ബസ് ചാര്‍ജ് കൂട്ടാനുള്ള തീരുമാനമുണ്ടായത്. വര്‍ദ്ധന നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ കാര്യമായ പഠനമൊന്നും നടത്തിയില്ലെന്നല്ലേ നിരക്ക് വര്‍ദ്ധനയിലെ പൊരുത്തക്കേട് എടുത്തുകാട്ടുന്നത്. യാത്രക്കാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ അധികച്ചെലവുവരുത്തുന്ന ഇപ്പോഴത്തെ ബസ് ചാര്‍ജ് വര്‍ദ്ധന അങ്ങേയറ്റം ലാഘവത്തോടെയാണ് നടപ്പാക്കിയിട്ടുള്ളതെന്ന് കാണാം. ആദ്യത്തെ പത്ത് ഫെയര്‍ സ്റ്റേജുകളിലാണ് അപാകതകള്‍ കൂടുതലായുള്ളത്. ഇതിന് സത്വര പരിഹാരമുണ്ടാകണം.
ഡീസല്‍ വില വര്‍ദ്ധനയുടെ പേരില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും ബസ് നിരക്കുകൂട്ടിയതായി അറിവില്ല. മാത്രമല്ല ഇവിടത്തെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെല്ലായിടത്തും തുലോം കുറവുമാണ്. അമിത ബസ് ചാര്‍ജ് ഈടാക്കുന്ന ബസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇതിനിടെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ അറിയിപ്പ് കണ്ടു. അശാസ്ത്രീയമായി ഫെയര്‍സ്റ്റേജും നിരക്കും നിശ്ചയിച്ച് നടപ്പാക്കിയശേഷം ബസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നുപറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ഫെയര്‍ സ്റ്റേജുകളും നിരക്കും തമ്മിലുള്ള പൊരുത്തക്കേട് കണ്ടെത്തി അത് പരിഹരിക്കാന്‍ അടിയന്തര നടപടി എടുക്കുകയാണ് വേണ്ടത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയശേഷവും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇപ്പോഴും വിളമ്പുന്നത് നഷ്ടക്കണക്കുമാത്രമാണ്. ബസില്‍ യാത്രക്കാര്‍ കുറവായതുകൊണ്ടാണ് നഷ്ടമുണ്ടാകുന്നതെന്ന് പറയാനാവില്ല. വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ കോര്‍പ്പറേഷനെ നയിക്കുന്നവര്‍ക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. അതിന് കൂടക്കൂടെ പിഴ അടയ്ക്കേണ്ടിവരുന്നത് ബസ് യാത്രക്കാരാണ്.
കോര്‍പ്പറേഷന്റെ മറപറ്റി സ്വകാര്യ ബസ് മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.




keralathiludanneelam ksrtc routtil yathoru permittum niyanthranavum illathe parallel servicukal oodunnu. oru sarkkarinum ithe niyathrikkunnathinu oru pullum cheyyan kazhinjittilla. oru divasam parallel service nirthivachu nookkoo ksrtcyude collection irattiyakum. athu mathram cheythal mathi ee stapanam labhathilakuvan