Accidents – Cause Heavy Financial Burden For KSRTC





Kannur: കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളംകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് അപകടത്തിനിരയാകുന്ന ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും നഷ്ടപരിഹാരത്തിനും. ഈ ഇനത്തില്‍ വര്‍ഷംതോറും കോടികളുടെ ബാധ്യതയാണ് വകുപ്പിന്. ഇന്ധനക്ഷമതയില്‍ പിന്നില്‍ നില്‍ക്കുന്നതും വകുപ്പിനെ പ്രയാസത്തിലാക്കുന്നു. ഇവ പരിഹരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നടത്തുകയാണ് കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍.

15 കോടിയിലധികമാണ് ഓരോ വര്‍ഷവും അപകടയിനത്തില്‍ വകുപ്പ് ചെലവിടുന്നത്. സ്വകാര്യ ബസ്സുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. എന്നാല്‍ ഈ സാമ്പത്തിക സുരക്ഷയില്ലാത്തതിനാല്‍ അപകടത്തിനിരയാകുന്ന യാത്രക്കാര്‍ക്ക് സ്വന്തം ഫണ്ടില്‍ നിന്നാണ് പണം ചെലവഴിക്കേണ്ടി വരുന്നത്. സ്വകാര്യ ബസ്സുകളെ അപേക്ഷിച്ച് കുറഞ്ഞ വേഗതയിലാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സഞ്ചരിക്കുന്നത്. എന്നിട്ടും അപകടങ്ങള്‍ക്ക് ശമനമില്ല. റോഡിന്റെ ശോച്യാവസ്ഥയാണ് ഇതിന് പ്രധാന കാരണമായി അധികൃതര്‍ കണ്ടെത്തുന്നത്.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 5 കി. മീറ്റര്‍ കെ.എസ്.ആര്‍.ടി.സി.ലക്ഷ്യമിടുമ്പോള്‍ നിലവില്‍ സാധിക്കുന്നത് ഒരു ലിറ്ററിന് ശരാശരി നാല് കി. മീ. മാത്രം. മലയോരമേഖലയില്‍ ഇത് മൂന്നും മൂന്നരയും കി. മീറ്റര്‍ ആണ്. എന്നാല്‍ ഡീലക്‌സ്, സൂപ്പര്‍ ബസ്സുകള്‍ ഒരു ലിറ്റര്‍ ഡീസലിന് നാലര കി. മീറ്ററില്‍ കൂടുതല്‍ ദൂരം ഓടുന്നുണ്ട്. സ്റ്റോപ്പുകള്‍ കുറവായതുകൊണ്ടാണ് ഇവയ്ക്ക് ഇത് സാധിക്കുന്നതെന്ന് ഡി.ടി.ഒ. കെ.വി.ഭാസ്‌കരന്‍ പറഞ്ഞു.

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഡ്രൈവര്‍മാര്‍ക്ക് രണ്ട് ദിവസം വീതമുള്ള പരിശീലനമാണ് കെ.എസ്.ആര്‍.ടി.സി. നല്‍കുന്നത്. ക്ലാസുകള്‍ക്ക് പുറമെ പ്രായോഗിക പരിശീലനവുമുണ്ട്.

കോഴിക്കോട് സോണലിന്റെ വടക്കന്‍ മേഖലാ തീവ്രപരിശീലന പരിപാടി കണ്ണൂരില്‍ തുടങ്ങി. കാസര്‍കോട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, തൊട്ടില്‍പ്പാലം സബ്ഡിപ്പോകള്‍ക്ക് കീഴിലെ ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സോണ്‍ ഓഫീസര്‍ വി.ജെ.സാജു അധ്യക്ഷനായി. ആര്‍.ടി.ഒ. പി.പി.ബാബു, ടി.പി.സജിത് സദാനന്ദന്‍, എ.എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു. കെ.വി.ഭാസ്‌കരന്‍ സ്വാഗതവും കെ.ബാലന്‍ നന്ദിയും പറഞ്ഞു.

Source: Mathrubhumi

2 Comments

  1. Anil Justin August 9, 2012 at 7:37 AM - Reply

    then lock the speed and teach people about the safety.

  2. Gokul V Sudheer August 9, 2012 at 1:41 PM - Reply

    but ksrtc busukalil united insurance company yil insure cheythittulathayi ezhuthi vachitttundakumalo?

Leave A Response