Jnnurm buses of Kochi may extend to neighboring districts





User rating

കൊച്ചി: നഗരസൌന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചിക്കനുവദിച്ച എസി ലോഫ്ളോര്‍ ബസുകളുടെ സര്‍വീസുകള്‍ ജില്ലയ്ക്കു വേളിയിലേക്ക് നീട്ടാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ചടുലമാകുന്നു. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസിയുടെ കേന്ദ്ര ഓഫീസില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ എറണാകുളം ജില്ല ഓഫീസില്‍ ലഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച കൊച്ചിയില്‍ എത്തിച്ചേര്‍ന്ന എസി ലോഫ്ളോര്‍ ബസുകളുടെ പെര്‍മിറ്റ് അപേക്ഷ ഡെപ്യൂട്ടി ചീഫ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നിര്‍ദേശ പ്രകാരം പിന്‍വലിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്തു സര്‍വീസ് നടത്താനുള്ള പെര്‍മിറ്റിനാണ് അപേക്ഷ നല്‍കിയിരുന്നത്. പുതിയ ബസുകളുടെ ആര്‍സി ബുക്കും മറ്റ് രേഖകളും തിരുവനന്തപുരത്തേക്ക് ഇന്നു അയച്ചുകൊടുക്കുമെന്ന് അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.വേണുഗോപാലന്‍ പറഞ്ഞു.

അവസാനമായി ജില്ലയില്‍ എത്തിയ നാലു ബസുകളും ഇനി കൊച്ചിക്ക് ലഭിക്കാനുള്ള രണ്ടും ബസുകളും ചേര്‍ത്ത് ആറു ബസുകളാണ് ജില്ലയ്ക്കു പുറത്തേക്കുള്ള സര്‍വീസുകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ ആലോചിക്കുന്നത്. സമീപ ജില്ലകളായ ആലപ്പുഴയിലേക്കും തൃശൂരിലേക്കും ഇടുക്കിയിലേക്കും അന്തര്‍ജില്ല സര്‍വീസുകള്‍ നടത്താനായിരുന്നു ആദ്യം നീക്കം. . ഇതുകൂടാതെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യങ്ങളില്‍ വരും ദിവസങ്ങളിലെ വ്യക്തമായ തീരുമാനമുണ്ടാകുകയുള്ളെന്ന് കേന്ദ്ര ഓഫീസില്‍ നിന്നും അറിയിച്ചു. ആറു ബസുകളില്‍ ഒരോന്നുവീതം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ആലോചന.

തമിഴ്നാട്ടില്‍ ജനറം ബസുകള്‍ ജില്ലയ്ക്കു പുറത്ത് സര്‍വീസ് നടത്തി വിജയം നേടിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ഇത്തരമൊരു സംവിധാനത്തിന് കെഎസ്ആര്‍ടിസി ആലോചന ആരംഭിച്ചത്. ബസുകളുടെ ജില്ലാ പെര്‍മിറ്റ് അപേക്ഷ തിരികെ വാങ്ങിയതുവഴി ഒരു ബസിന് പതിനായിരം രൂപവിതം സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും അതു കാര്യമാക്കേണ്ടന്നാണ് തിരുവനന്തപുരത്തുനിന്നും ലഭിച്ച നിര്‍ദേശം.

നഗരഗതാഗതത്തിനുമാത്രം നല്‍കിയ ബസുകള്‍ നഷ്ടത്തിലാകുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നഗരപരിധിക്ക് പുറത്തേക്ക് സര്‍വീസ് നീട്ടിയത്. നഷ്ടം ഒഴിവാക്കാനായില്ലെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഇതുവഴി സാധിച്ചു. ജില്ലയ്ക്കു പുറത്തേക്ക് സര്‍വീസ് നടത്തുന്നതുവഴി കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന പ്രതിക്ഷയാണ് ഇത്തരമൊരു ശ്രമത്തിന് കെഎസ്ആര്‍ടിസിയെ പ്രേരിപ്പിച്ചത്. മാത്രവുമല്ല യാത്രക്കാരുടെയിടയില്‍ ജനറം എസി ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.

ജനറം ബസുകള്‍ അനുവദിച്ചത് നഗരസഭയ്ക്കാണെങ്കിലും നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തി നടത്തിപ്പ് ചുമതല കെഎസ്ആര്‍ടിസിയെ ഏല്‍പ്പിച്ചിരുന്നു. ബസുകളുടെ നിയന്ത്രണം നഷ്ടമായ നിലയ്ക്ക് അന്തര്‍ജില്ല സര്‍വീസുകളെ എതിര്‍ക്കാന്‍ നഗരസഭ തയ്യാറാകിനിടയില്ല. എങ്കിലും പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതു നേടിയെടുത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി.

ജനറം പദ്ധതിയിലുള്‍പ്പെടുത്തി നഗര ഗതാഗതത്തിന് മാത്രമായി ലഭിച്ച ബസുകളുടെ പല സര്‍വീസുകളും നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അന്തര്‍ജില്ല സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി പദ്ധതി ആരംഭിച്ചത്. ജനറം പദ്ധതിയുടെ തുടക്കകാലത്തുതന്നെ ഇത്തരമൊരു ശ്രമത്തിന് ജില്ലാ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ അനുമതി ആവശ്യപ്പെട്ട് മുന്നിട്ടിറങ്ങിയിരുന്നു. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ പിന്‍വലിച്ച് പകരം സമീപ ജില്ലയിലേക്ക് സര്‍വീസ് നീട്ടാനായിരുന്നു പദ്ധതി. ഇതിനായി എറണാകുളത്തുനിന്നും കോലഞ്ചേരിക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി പകരം മൂവാറ്റുപുഴയ്ക്കുള്ള മൂന്നു സര്‍വീസുകള്‍ തൊടുപുഴയ്ക്കു നീട്ടുന്നതിന് മുഖ്യ ഓഫീസില്‍ നിന്നും അനുമതി ആവശ്യപ്പെട്ടിരുന്നു. പലകാരണങ്ങളാല്‍ അന്നതിന് അനുമതി ലഭിച്ചില്ല. എന്നാല്‍ ജില്ലാ അധികൃതര്‍ ആവശ്യപ്പെടാതെതന്നെയാണ് അന്തര്‍ ജില്ലാ സര്‍വീസിന് ഇപ്പോള്‍ കേന്ദ്രകാര്യാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Source: Deepika

Leave A Response