Kerala: 15 days time to take a decision on hike in bus fares





The government on Tuesday deferred the decision on hiking bus fares, evoking strong protest from a section of private bus owners who have threatened to launch an indefinite strike.

Minister for Transport Aryadan Mohammed told reporters after a meeting with private bus operators here that the government needed more time to hear consumer rights organisations before taking a final decision.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം 15 ദിവസത്തിനുള്ളില്‍ നടപ്പാക്കാമെന്നു ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് തള്ളിയ ഒരു വിഭാഗം ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സമരത്തിനില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനായി 15 ദിവസം കാത്തിരിക്കുമെന്നും മറ്റൊരു വിഭാഗം ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

ബസ് ചാര്‍ജ് കൂട്ടുന്നതിന് ഇന്നു തീരുമാനമെടുക്കുമെന്ന ധാരണയാണു നേരത്തെ ഉണ്ടായിരുന്നത്. വര്‍ധനയ്ക്കെതിരെ ഹൈക്കോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ അഭിപ്രായം കൂടി കേള്‍ക്കേണ്ടതു കൊണ്ടാണു വര്‍ധന നീട്ടിവയ്ക്കുന്നതെന്ന് ഉപസമിതി വ്യക്തമാക്കി. സൌഹാര്‍ദമായി നടന്ന ചര്‍ച്ചയില്‍ എല്ലാം അംഗീകരിച്ചു പിരിഞ്ഞ ബസ് ഉടമകളില്‍ ഒരു വിഭാഗം പിന്നീടു യോഗം ചേര്‍ന്നു സമരം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനോടു യോജിക്കുന്നില്ലെന്ന് അപ്പോള്‍ തന്നെ മറുവിഭാഗം വ്യക്തമാക്കി.

കുറഞ്ഞ ബസ് നിരക്ക് ഒരു രൂപ വര്‍ധിപ്പിക്കണമെന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് ഓര്‍ഡിനറി ബസിന്റെ മിനിമം ചാര്‍ജ് അഞ്ചു രൂപയില്‍ നിന്ന് ആറാകും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ഏഴില്‍ നിന്ന് എട്ടായും സൂപ്പര്‍ ഫാസ്റ്റിന്റേതു 10ല്‍ നിന്നു 12 ആയും സൂപ്പര്‍ എക്സ്പ്രസിന്റേതു 15ല്‍ നിന്നു 17 ആയും വര്‍ധിക്കും. സൂപ്പര്‍ ഡീലക്സിന്റെ മിനിമം നിരക്ക് 20ല്‍ നിന്ന് 25 ആയും ലക്ഷ്വറി ഹൈടെക് ബസിന്റെയും വോള്‍വോയുടെയും 30ല്‍ നിന്നു 35 ആയും വര്‍ധിപ്പിക്കണമെന്നാണു കമ്മിഷന്‍ ശുപാര്‍ശ.

ഓര്‍ഡിനറിയുടെ കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്ന് 58 പൈസ ആയും ഫാസ്റ്റ് പാസഞ്ചറിന്റേത് 57 പൈസയില്‍ നിന്ന് 62 പൈസ ആയും സൂപ്പര്‍ഫാസ്റ്റിന്റേത് 60 പൈസയില്‍ നിന്ന് 65 ആയും സൂപ്പര്‍ എക്സ്പ്രസിന്റേത് 65ല്‍ നിന്ന് 70 ആയും ഉയര്‍ത്തണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൂപ്പര്‍ ഡീലക്സിന്റെ കിലോമീറ്റര്‍ നിരക്ക് 75ല്‍ നിന്ന് 80 ആയും ലക്ഷ്വറി ഹൈടെക് ബസിന്റേതു 90 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിക്കും. വോള്‍വോ ബസിന്റെ കിലോമീറ്റര്‍ നിരക്ക് 1.10 രൂപയില്‍ നിന്ന് 1.20 ആക്കണമെന്നാണു കമ്മിഷന്‍ നിര്‍ദേശം.

വിദ്യാര്‍ഥികളുടെ സൌജന്യ നിരക്കിലും മാറ്റംവരും. പുതുക്കിയ നിരക്കിന്റെ 25% വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കണമെന്നാണു കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഒരു രൂപയായിരിക്കും. ചില്ലറ പൈസ വന്നാല്‍ തൊട്ടടുത്ത രൂപയിലേക്കു നിരക്ക് റൌണ്ട് ചെയ്യണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ കമ്മിഷന്‍ ശുപാര്‍ശകള്‍ ഉപസമിതി അംഗങ്ങളായ ആര്യാടന്‍ മുഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു.

തുടര്‍ന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബസ് ഉടമകള്‍ക്കു നല്‍കി. ശുപാര്‍ശ ചെയ്ത നിരക്ക് അപര്യാപ്തമാണെന്നും കിലോമീറ്ററിന് 65 പൈസ ലഭിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശുപാര്‍ശ അല്‍പം കൂടുതലാണെന്ന നിലപാടാണ് ഉപസമിതി സ്വീകരിച്ചത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നിരക്കുവര്‍ധനയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

ഹൈക്കോടതി നോട്ടീസ് സര്‍ക്കാരിനു ലഭിച്ച സാഹചര്യത്തില്‍ അവരുടെ അഭിപ്രായം കേള്‍ക്കാതെ ബസ് ചാര്‍ജ് കൂട്ടിയാല്‍ സ്റ്റേ വരും. അങ്ങനെ വന്നാല്‍ നിരക്കുവര്‍ധന നടപ്പാക്കുന്നത് ആറു മാസം വരെ വൈകാം. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ അഭിപ്രായം കേട്ടു തീരുമാനം എടുക്കുന്നതിന് ഒരു മാസം സാവകാശം വേണമെന്ന് ആര്യാടന്‍ ആവശ്യപ്പെട്ടു. ബസ് ഉടമകള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇതു 15 ദിവസമായി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സെക്രട്ടേറിയറ്റില്‍ നിന്നു നേരെ പോയ ബസ് ഉടമകള്‍ യോഗം ചേര്‍ന്നുവെങ്കിലും സമരത്തെച്ചൊല്ലി അഭിപ്രായഭിന്നതയായി.

ഡീസല്‍ വില താങ്ങാനാവാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും സമരത്തിന്റെ തീയതി നാളെ കൊച്ചിയില്‍ തീരുമാനിക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥ് യോഗത്തിനു ശേഷം അറിയിച്ചു. അതേസമയം, ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാം സമ്മതിച്ച ശേഷം സമരം പ്രഖ്യാപിക്കുന്നതു ശരിയല്ലെന്നും 15 ദിവസത്തിനുള്ളില്‍ നിരക്ക് കൂട്ടിയില്ലെങ്കില്‍ മാത്രമേ തങ്ങള്‍ സമരത്തിനുള്ളുവെന്നും ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് ബാബു പറഞ്ഞു.

Source: Malayala Manorama

One Comment

  1. SILSILA October 10, 2012 at 10:39 PM - Reply

    ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയിച് പിഴവുകള്‍ (ചിലരുടെ ബുദ്ധി പരമായ)പരിഹരിച് കിടുവാന്‍ ആര് സമരം ചെയ്യും ?

Leave A Response