Konni to get a KSRTC Operating Center Soon





കോന്നിക്ക് അനുവദിച്ച കെ. എസ്. ആർ. ടി. സി ഡിപ്പോയുടെ സ്ഥലമേറ്റെടുത്ത് രജിസ്‌റ്റേഷൻ നടത്തുന്നതിനുള്ള നടപടികൾ മൂന്ന് ദിവസത്തിനകം പൂർത്തിയാകും.

നിലവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയും കെ. എസ്. ആർ. ടി. സി ഡിപ്പോയ്ക്കായി വിട്ടു നൽകും. മൂന്നേക്കർ ഭൂമിയാണ് നിലവിൽ കോന്നിയിലെ കെ. എസ്. ആർ. ടി. സി ഡിപ്പോയ്ക്ക് ആവശ്യമായി വരുന്നത്. സ്ഥലമേറ്റെടുത്ത് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഉടൻതന്നെ കോന്നി കെ. എസ്. ആർ. ടി. സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും നടക്കും. താത്കാലിക സംവിധാനത്തിൽ കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിനാണ് കെ. എസ്. ആർ. ടി. സി യുടെ ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കുന്നത്. ഇവിടെ ഒരു ബസ് പാർക്ക് ചെയ്ത് കേടുപാടുകൾ പരിശോധിക്കുന്നതിനായി ഗ്യാരേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കുന്ന മുറയ്ക്ക് ഇവിടെ നിന്ന് തിരുവനന്തപുരം, തൃശൂർ, കൊല്ലം, ഉൾപ്പെടെ പത്തോളം സർവീസുകൾ ആരംഭിക്കുന്നതിനുള്ള ഷെഡ്യൂളുകൾ ഇതിനോടകം കെ. എസ്. ആർ. ടി. സി അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ നിന്ന് കോയമ്പത്തൂർ അന്തർ സംസ്ഥാന ഷെഡ്യൂൾ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അധികൃതർ ആലോചിച്ച് വരികയാണ്. എൻ. ശക്തൻ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് കോന്നിയിൽ കെ. എസ്. ആർ. ടി. സി ഡിപ്പോ അനുവദിക്കാമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ പഞ്ചായത്ത് സ്ഥലമേറ്റെടുത്ത് നൽകുന്നതിൽ കാലതാമസം വന്നതിനെ തുടർന്ന് ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റെടുത്ത ശേഷമാണ് കോന്നി നാരായണപുരം ചന്തയോട് ചേർന്നുകിടക്കുന്ന പഞ്ചായത്ത് വക സ്ഥലവും സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഏറ്റെടുത്ത് നൽകുന്നതിൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്.

കോന്നി മങ്ങാരം പെരുമുറ്റത്ത് സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആറേകാൽ സെന്റ് സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ ഇന്ന് നടക്കും. തൊട്ടടുത്ത ദിവസങ്ങളിൽ കോന്നി ഇല്ലിരിക്കൽ ഇ. എസ്. ഡേവിഡ്, ഇ. എസ്. പാപ്പച്ചൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള മുക്കാൽ സെന്റ് ഭൂമിയും ഐരവൺ പുതുവേലിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ഒരു സെന്റ് ഭൂമിയുടെയും കോന്നി മുഞ്ഞിനാട്ട് രാജമ്മയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് ഭൂമിയുടെയും രജിസ്‌ട്രേഷനുകൾ അടുത്ത ദിവസങ്ങളിൽ നടക്കും.

കൂടാതെ ഡിപ്പോയ്ക്ക് ആവശ്യമായി വരുന്ന ചേരിയിൽ വാലുതുണ്ടിൽ രവിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ എട്ട് സെന്റ് സ്ഥലം അക്വസിഷൻ നടത്താനുള്ള സ്ഥലപരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായി. ലാൻഡ് അക്വസിഷൻ സ്‌പെഷ്യൽ തഹസീൽദാർ മോഹൻകുമാർ വാല്യുവേഷൻ അസിസ്റ്റന്റ് സതിയമ്മ, സ്‌പെഷ്യൽ റവന്യു ഇൻസ്‌പെക്ടർ ഏബ്രഹാം, റെജീന എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ള ഭൂമിയുടെ ബൗണ്ടറികൾ പരിശോധിച്ചു.

Source: Kerala Kaumudi

One Comment

Leave A Response