KSRTC Bus Stopped Service In Aryankavu, Passengers Protested





വൈപ്പര്‍ തകരാറിലാണെന്ന കാരണത്താല്‍ കെ.എസ്.ആര്‍.ടി.സി. ബസ് ആര്യങ്കാവില്‍ സര്‍വ്വീസ് നിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കൊല്ലം തിരുമംഗലം ദേശീയപാത ഉപരോധിച്ചു. ബുധനാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.

കൊല്ലത്തുനിന്ന് തമിഴ്‌നാട്ടിലെ തെങ്കാശിയിലേക്ക് വന്ന ബസാണ് കാര്യമായ കാരണമില്ലാതെ സര്‍വ്വീസ് നിര്‍ത്തിയത്. മുന്‍വശത്തെ വൈപ്പര്‍ തകരാറിലായതിനാല്‍ ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആര്യങ്കാവ് ബസ് ഡിപ്പോയ്ക്ക് മുന്നില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. പിന്നീട് വന്ന ബസുകളില്‍ വമ്പന്‍ തിരക്കായതിനാല്‍ യാത്രക്കാരെ കയറ്റിവിടാനായില്ല.

ഗത്യന്തരമില്ലാതായ 50ല്‍പരം യാത്രക്കാര്‍ ദേശീയപാതയിലൂടെ എത്തിയ ബസ്സുകളടക്കം തടഞ്ഞിടുകയായിരുന്നു. ചില യാത്രക്കാര്‍ തടഞ്ഞിട്ട ബസ്സുകള്‍ക്ക് മുന്നില്‍ കിടന്നു. അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.

സംഭവമറിഞ്ഞ് 5.45ന് ആര്യങ്കാവ് ഔട്ട് പോസ്റ്റിലെ പോലീസുകാരെത്തിയാണ് സമരക്കാരെ നീക്കിയത്.

ഇവരെ പിന്നീട് മറ്റ് ബസ്സുകളിലായി തമിഴ്‌നാട്ടിലേക്ക് കടത്തിവിട്ടു. യാത്ര ഒഴിവാക്കാനായി കേരള അതിര്‍ത്തിയിലെത്തുമ്പോള്‍ ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിസ്സാര കാരണങ്ങളുടെ പേരില്‍ യാത്ര അവസാനിപ്പിക്കുകയും യാത്രക്കാരെ മറ്റ് ബസുകളില്‍ കുത്തിക്കയറ്റിവിടുകയും ചെയ്യാറുണ്ടെന്ന പരാതി മുമ്പും ഉയര്‍ന്നിട്ടുണ്ട്.

Source: Adoor News

Leave A Response