KSRTC Struggling to survive in Kozhikkode





കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ കുറയുന്നത് സര്‍വീസുകളെ ബാധിക്കുന്നു. മിക്ക കെഎസ്ആര്‍ടിസി സര്‍വീസുകളും ലാഭകരമല്ലാത്തതിനാല്‍ കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണിക്കും പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനും തടസം. പഴഞ്ചന്‍ ബസുകളും ആവശ്യത്തിനു സൗകര്യമില്ലാത്തതും യാത്രക്കാരെ അകറ്റുന്നു.

സ്വകാര്യ ബസുകള്‍ ടിവി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു യാത്രക്കാരെ കെഎസ്ആര്‍ടിസിയില്‍ നിന്നകറ്റുന്നു. ഇത് സര്‍ക്കാര്‍ ബസുകളെ നഷ്ടത്തിലാക്കുന്നു.

സ്പെയര്‍പാര്‍ട്സ് ക്ഷാമമാണ് കെഎസ്ആര്‍ടിസി അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. സംസ്ഥാനത്തെ ഓരോ ഡിപ്പൊയിലും നിരവധി വാഹനങ്ങളാണ് ഇതുമൂലം അറ്റകുറ്റപ്പണി നടത്താനാവാതെ കിടക്കുന്നത്. ഇത് അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ താളം തെറ്റിക്കുന്നു. പുതിയ വണ്ടികള്‍ നിരത്തിലിറങ്ങാത്തതും കട്ടപ്പുറത്തായ വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടക്കാത്തതും കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആധുനിക സൗകര്യങ്ങളോടെ ബസുകള്‍ നിരത്തിലിറക്കി സജീവമായപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ബസുകള്‍.

കുടിശിക കുമിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് സ്പെയര്‍പാര്‍ട്സ് വിതരണ ഏജന്‍സികള്‍ കെഎസ്ആര്‍ടിസിക്കുള്ള വിതരണം നിര്‍ത്തിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. ശരിയായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതും ബസിനുള്ളിലെ വൃത്തിഹീനമായ ചുറ്റുപാടുകളും സൂപ്പര്‍ ഡീലക്സ് സര്‍വീസുകളെ വരെ നഷ്ടത്തിലാക്കി.

എസി സര്‍വിസുകള്‍ നിര്‍ത്തിയതോടെ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ മലയാളി യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് സര്‍വീസുകളാണ് ഏക ആശ്രയം.

സെമി സ്ലീപ്പര്‍ സീറ്റിങ് സംവിധാനം, മൊബൈല്‍ ലാപ്ടോപ്പ് ചാര്‍ജര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കിയിരുന്ന സൂപ്പര്‍ ഡീലക്സ് സര്‍വീസുകള്‍ മികച്ച കളക്ഷനായിരുന്നു നേടിയിരുന്നത്. എന്നാല്‍ നിലവിലെ ബസുകളില്‍ സീറ്റുകളിലെ പുഷ്ബാക്ക് സംവിധാനം മിക്കതിന്‍റെയും പ്രവര്‍ത്തനരഹിതം. കാലങ്ങളായി ഇതേ അവസ്ഥ.

ചെളിയും കറയും പിടിച്ച സീറ്റ് കവറും കുഷ്യനുകളും മാസങ്ങള്‍ കഴിഞ്ഞാണ് മാറ്റിവയ്ക്കുക. റീപ്പറുകള്‍ തകര്‍ന്ന വിന്‍ഡോ ഗ്ലാസുകള്‍ അടക്കാന്‍ പലപ്പോഴും കഴിയാറില്ല. മഴ പെയ്യുമ്പോള്‍ വിന്‍ഡോ ഗ്ലാസിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി യാത്രക്കാര്‍ നനഞ്ഞ് കുളിക്കും.

അശോക് ലൈലന്‍ഡിന്‍റെ വിക്കിങ് ബസുകളാണ് സൂപ്പര്‍ ഡീലക്സ് സര്‍വീസിന് ഉപയോഗിക്കുന്നത്. നാലുവര്‍ഷം മുന്‍പ് സര്‍വീസ് ആരംഭിച്ചപ്പോള്‍ ഉള്ള 30 ഡീലക്സ് ബസുകളാണ് ഇപ്പോഴും ഓടുന്നത്. ദിവസവും 500 കിലോമീറ്ററിലധികം ഓടുന്ന സര്‍വീസുകള്‍ വഴിയില്‍ കുടുങ്ങുന്നതും പതിവ്. എയര്‍ സസ്പെന്‍ഷന്‍ സംവിധാനത്തോടെ കൂടുതല്‍ സീറ്റുകളൊരുക്കി ആരംഭിച്ച സൂപ്പര്‍ എക്സ്പ്രസ് സര്‍വീസുകളും പണിമുടക്കുന്നത് പതിവ്.

ടാറ്റയുടെ ഗ്ലോബസ് എസി ബസ് 20 എണ്ണം അഞ്ചുവര്‍ഷം മുന്‍പ് നിരത്തിലിറക്കിയെങ്കിലും ബസിന്‍റെ അറ്റകുറ്റപ്പണികള്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയായതോടെ സര്‍വീസുകള്‍ പിന്‍വലിക്കുകയായിരുന്നു.

ഈ ബസുകള്‍ പൊളിച്ച് ഇപ്പോള്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളായി സര്‍വീസ് നടത്തുകയാണ്. എസി വിഭാഗത്തില്‍ നിലവില്‍ മൂന്ന് വോള്‍വോ ഗരുഡ സര്‍വീസുകളാണ് അന്തര്‍സംസ്ഥാന റൂട്ടില്‍ കെഎസ്ആര്‍ടിസിക്കുള്ളത്. മെയ്ന്‍റനന്‍സ് ഇനത്തില്‍ വരുന്ന ഭീമമായ ചെലവാണ് എസി ബസ് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിക്ക് തടസം.

ജവഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളില്‍ തുടങ്ങിയ ലോ ഫ്ളോര്‍ എസി സര്‍വീസുകളുടെ അറ്റകുറ്റപ്പണി തന്നെ കെഎസ്ആര്‍ടിസിക്ക് ബാധ്യതയാണ്.

ഓണം അടുക്കുന്നതോടെ ബംഗളുരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചില്ലെങ്കില്‍ യാത്രാക്ലേശം രൂക്ഷമാകും. സ്വകാര്യബസ് ലോബികള്‍ ഈടാക്കുന്ന അമിത ചാര്‍ജിന് പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ സര്‍വീസുകള്‍ ആവശ്യം.

Source: Metrovartha

4 Comments

  1. Sunup August 20, 2012 at 4:26 PM - Reply

    At this rate KSRTC will surely die a slow death in the coming years.

  2. Raj August 20, 2012 at 4:34 PM - Reply

    See the pathetic condition of that bus and they want people to travel in similar buses…….

    First let them bring some mechanism to rate these buses and fix the category based on that.
    KKD city buses are better than these vehicles

  3. Ismail.kr August 21, 2012 at 8:31 AM - Reply

    KA.SRTC Zindabad

Leave A Response