കൊച്ചിയില്‍ രാത്രികാല സര്‍വീസ് കെഎസ്ആര്‍ടിസിയുടെ സജീവമായ പരിഗണനയില്‍. സിറ്റി സര്‍വീസിനു പുതുതായി 88 ബസുകള്‍ കൂടി എത്തുന്നതോടെ നഗരത്തെ രണ്ടു മേഖലകളായി തിരിച്ചു രാത്രികാല സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ വൈറ്റില മൊബിലിറ്റി ഹബ് വഴി ആക്കുമ്പോള്‍ പശ്ചിമകൊച്ചിയിലെ യാത്രാക്ളേശം പരിഹരിക്കാന്‍ മൊബിലിറ്റി ഹബ്ബുമായി ബന്ധിപ്പിച്ചു രാത്രി സര്‍വീസ് ആരംഭിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു.
കൊച്ചിയിലെ സിറ്റി സര്‍വീസ് കാര്യക്ഷമമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കാന് വ്യാഴാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന മൊബിലിറ്റി ഹബ് ഗവേണിങ് കൌണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കിയിരുന്നു.
പുതുതായി 88 ബസുകളാണു സിറ്റി സര്‍വീസിന് എത്തുന്നത്. ഇൌ ബസുകള്‍ ഉപയോഗപ്പെടുത്തി നഗരത്തെ രണ്ടു മേഖലകളായി തിരിച്ചു സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നതിനെക്കുറിച്ചാണു കെഎസ്ആര്‍ടിസിയുടെ ആലോചന. രാത്രി സര്‍വീസ് മൊബിലിറ്റി ഹബ് കേന്ദ്രീകരിച്ചാണെങ്കില്‍ സിറ്റി സര്‍വീസ് തേവരയില്‍ നിര്‍മിക്കുന്ന പുതിയ ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും.
സിറ്റി സര്‍വീസ് ബസുകള്‍ക്കുള്ള ഷാസി എത്തിയിട്ടേയുള്ളൂവെന്നും രാത്രി സര്‍വീസിന്റെ കാര്യത്തില്‍ ആലോചന നടക്കുന്നതേയുള്ളൂവെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ 650 ബസുകള്‍ക്ക് ഇപ്പോള്‍തന്നെ സിറ്റി സര്‍വീസ് പെര്‍മിറ്റ് ഉണ്ട്. കെഎസ്ആര്‍ടിസിയുടെ 70 തിരുകൊച്ചി ബസുകളും സിറ്റി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ബസ് സര്‍വീസ് ഇല്ലാത്ത പല റൂട്ടുകളും ഇപ്പോഴും നഗരത്തിലുണ്ട്. പുതുതായെത്തുന്ന ബസുകള്‍ ഇത്തരം പുതിയ റൂട്ടുകള്‍ കണ്ടെത്തി അങ്ങോട്ട് സര്‍വീസ് ആരംഭിക്കുകയാണു ലക്ഷ്യം.
സിറ്റി സര്‍വീസ് ലക്ഷ്യമിട്ടു കൊച്ചിയ്ക്കു നഗര നവീകരണ പദ്ധതിയില്‍ അനുവദിച്ച 42 എസി ലോഫ്ലോര്‍ ബസുകളും 118 സെമി ലോ ഫ്ലോര്‍ ബസുകളും സര്വീസിനുണ്ടെങ്കിലും പലതും നഗരത്തിനു പുറത്തേക്കാണു സര്‍വീസ് നടത്തുന്നത്. രണ്ടു എസി ബസുകളും എട്ട് സെമി ലോ ഫ്ലോര്‍ ബസുകളും ഇനി ലഭിക്കാനുമുണ്ട്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പു ബസ് സര്‍വീസ് ഉണ്ടായിരുന്ന അതേ റോഡുകളിലൂടെ മാത്രമാണു നഗരത്തില്‍ ഇപ്പോഴും ബസ് സര്‍വീസുള്ളത്. പുതിയ റോഡുകളും പുതിയ പാര്‍പ്പിട മേഖലകളും ഉണ്ടായെങ്കിലും അവിടേയ്ക്കൊന്നും ബസ് സര്‍വീസ് എത്തിയിട്ടില്ല. ഇതിനൊരു മാറ്റം വരുത്തുകയായിരിക്കും ലക്ഷ്യം.
നഗര ഗതാഗത നയം അനുസരിച്ചു മേയര്‍ അധ്യക്ഷനായ സമിതിയാണു പുതിയ റൂട്ടുകള്‍ നിശ്ചയിക്കുന്നത്. സിറ്റി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ മുന്നിലുള്ളതും നഗരത്തെ പൂര്‍ണമായി ചുറ്റിവരുന്ന രണ്ടു സര്‍ക്കുലര്‍ സര്‍വീസാണ്.
വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നാരംഭിച്ച് മെഡിക്കല്‍ ട്രസ്റ്റ് , തേവര, നേവല്‍ ബേസ്, തോപ്പുംപടി, പള്ളുരുത്തി, കുമ്പളങ്ങിവഴി, ഇടക്കൊച്ചി, അരൂര്‍, കുമ്പളം, പനങ്ങാട്, കുണ്ടന്നൂര്‍, മരട്, ഗാന്ധിസ്ക്വയര്‍, തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡ്, പേട്ട വഴി മൊബിലിറ്റി ഹബ്ബില്‍ തിരിച്ചെത്തുന്ന ആദ്യ സര്‍ക്കിളില്‍ ഇപ്പോള്‍ ബസ് റൂട്ട് ഇല്ലാത്ത വലിയൊരു പ്രദേശം കവര്‍ ചെയ്യാനാവും.
മൊബിലിറ്റി ഹബ്ബില്‍ നിന്നാരംഭിച്ച് സുഭാഷ് ചന്ദ്രബോസ് റോഡ്, കതൃക്കടവ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ബിടിഎച്ച് ജംക്ഷന്, ഹൈക്കോടതി, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, ഇടപ്പള്ളി ടോള്‍, തൃക്കാക്കര അമ്പലം, ഭാരതമാതാ കോളജ്, കലക്ടറേറ്റ്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ഇരുമ്പനം, എസ്എന്‍ ജംക്ഷന്, എരൂര്‍ വഴി മൊബിലിറ്റി ഹബ്ബില്‍ അവസാനിക്കുന്നതാണു രണ്ടാമത്തെ സര്‍ക്കിള്‍.
Source: Malayala Manorama





good news…!!!
Ithokke nadannal kollam,… at least, railway station il ninnum rathri service manikkooril onnenkilum odananam… rathriyil ernakulathu ippo ethiyal purse kaali ayathu thanne,…..
കൊച്ചി മഹാനഗരത്തോട് ചേർന്നുകിടക്കുന്നതും ഏറ്റവും ജനസാന്ദ്രഹതയുള്ളതുമായ ദ്വീപാണ് വൈപ്പിൻ. വൈപ്പിനിൽ നിന്നുള്ള നല്ലൊരുവിഭാഗം ആളുകൾ ഉപജീവനത്തിന് ആശ്രയിക്കുന്നത് കൊച്ചി മഹാനഗരത്തേയും. എന്നാൽ തിരു കൊച്ചി ബസ്സുകൾ എത്തിയതോടെ കുറെ സ്വകാര്യബസ്സുകൾ സർവ്വീസ് അവസാനിപ്പിച്ചു. തിരു കൊച്ചി ബസ്സുകളാകട്ടെ രാത്രിയിൽ മേനക വഴി പോകാതെ നേരെ സ്റ്റാന്റിലേയ്ക്കും പോകും. ഇതുമൂലം രാത്രികാലങ്ങളിൽ ഹൈക്കോടതി ജ്ങ്ഷനിൽ എത്തേണ്ടവർക്ക് ബുദ്ധിമുട്ടുകൾ നിരവധിയാണ്.ലീ പ്രശ്നവും കൂടി പുതിയ സർവ്വീസ് തുടങ്ങുമ്പോൾ പരിഗണിക്കപ്പെടും എന്ന് കരുതുന്നു.
valare nalla karyam…kochiye 24hrsum sajeevamakan pattum..tourisathinu valareyere gunnam cheyum
pattumenkil onnu vegam thudangoo!
ഇത്രയും ബസ്സുകള്‍ കിട്ടുന്ന കാലത്തെങ്കിലും നഗരത്തില്‍ നിലവില്‍ ബസ് സര്‍വീസ് ലഭ്യമല്ലാത്ത മേഖലകളെ കെ. എസ്. ആര്. ടി. സി. പരിഗണിച്ചാല്‍ കൊള്ളാമായിരുന്നു. ‘തിരു കൊച്ചി’യും JNNURM ബസ്സുകളും ഒക്കെ വന്നപ്പോഴും അധികൃതര്‍ ഇതൊക്കെ വാഗ്ദാനം ചെയ്തതാണ്. എന്നിട്ട് ‘തിരു കൊച്ചി’ ബസ്സുകള്‍ ഭൂരിഭാഗവും തുടങ്ങിയത് ആലുവ – ഫോര്‍ട്ട് കൊച്ചി, ആലുവ – അരൂര്‍, ആലുവ – ചോറ്റാനിക്കര, ആലുവ – പൂത്തോട്ട, കാക്കനാട് തുടങ്ങി ആവശ്യത്തിലേറെ സ്വകാര്യ ബസ് ഓടിയിരുന്ന റൂട്ടുകളില്‍.