KSRTC’s Foul Play By Not Operating Premium Services From Ernakulam





ഏറെ യാത്രക്കാരുള്ള അന്യസംസ്ഥാന സര്‍വീസുകള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുന്നു, ചരിത്ര സംഭവമായി ആരംഭിച്ച തിരുകൊച്ചി സിറ്റി സര്‍വീസ് ബസുകളില്‍ പലതും സിറ്റി വിട്ടിട്ടു നാളേറെയായി, മറ്റു ദീര്‍ഘദൂര സര്‍വീസുകളുടെ കാര്യവും തഥൈവ.

കൊച്ചി നഗരം വികസന പാതയിലാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ റിവേഴ്സ് ഗിയറിലാണ് എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോ. സിറ്റി സര്‍വീസും ലോ ഫ്ലോര്‍ ബസ് സര്‍വീസുമെല്ലാം ആരംഭിച്ചു നഗര ഗതാഗതത്തില്‍ വിപ്ളവം സൃഷ്ടിച്ചശേഷം ഇപ്പോള്‍ അനാസ്ഥയില്‍ നട്ടംതിരിയുകയാണ് സ്റ്റേഷന്‍. സര്‍വീസുകള്‍ നിര്‍ത്താലാക്കുന്നതും വെട്ടിക്കുറയ്ക്കുന്നതും സ്വകാര്യ ബസ് ലോബിക്കു വേണ്ടിയുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

അന്യസംസ്ഥാന യാത്രക്കാര്‍ ഏറെയുള്ള നഗരത്തില്‍ അന്യസംസ്ഥാന ട്രിപ്പുകള്‍ ഒന്നൊന്നായി നിര്‍ത്തലാക്കിക്കൊണ്ടാണു കെഎസ്ആര്‍ടിസി വികസനം നടപ്പാക്കുന്നത്. ബാംഗൂരിലേക്ക് ദിവസവും മൂന്നു സര്‍വീസ് (രണ്ട് സൂപ്പര്‍ എക്സ്പ്രസും ഒരു ഡീലക്സും) ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഓടുന്നത് രാത്രി 9.15ന് ഉള്ള സൂപ്പര്‍ എക്സ്പ്രസ് മാത്രമാണ്. 3.20നും രാത്രി എട്ടിനുമുള്ള ബസുകളാണു കഴിഞ്ഞ ഒരു മാസമായി നിര്‍ത്തലാക്കിയിരിക്കുന്നത്.

എറണാകുളത്തു നിന്നു കോയമ്പത്തൂരിലേക്കു നാലു മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്ന ബൈപാസ് റൈഡര്‍ സൂപ്പര്‍ എക്സ്പ്രസ് സര്‍വീസുകള്‍ മൂന്നെണ്ണമുണ്ടായിരുന്നതും ഒന്നായി കുറഞ്ഞു. രാവിലെ ആറിനുള്ള സര്‍വീസ് മാത്രമാണു മുടക്കമില്ലാതെ നടക്കുന്നത്. കന്യാകുമാരിക്ക് ഉച്ചയ്ക്കു രണ്ടരയ്ക്കും രാത്രി ഏഴിനും രണ്ടു സര്‍വീസ് ഉണ്ടെങ്കിലും ഇതില്‍ ഒരു സര്‍വീസ് മിക്കവാറും റദ്ദാക്കുന്നു. മംഗലാപുരത്തേക്ക് വൈകിട്ട് 6.40നു സൂപ്പര്‍ ഫാസ്റ്റ് ഉണ്ടെങ്കിലും മിക്ക ദിവസവും ഇതും മുടങ്ങുന്നു. കെഎസ്ആര്‍ടിസി ഇന്റര്‍ സ്റ്റേറ്റ് ബസുകള്‍ നിറയെ യാത്രക്കാരുമായാണു സര്‍വീസ് നടത്തിയിരുന്നത്.

സ്വകാര്യ സര്‍വീസുകളെ അപേക്ഷിച്ചു ചാര്‍ജ് കുറവാണെന്നതും ജനത്തിന് ആശ്വാസമായിരുന്നു. എന്നാല്‍, സര്‍വീസുകള്‍ മുടങ്ങുന്നതും റദ്ദാക്കുന്നതും പതിവായതോടെ സ്ഥിരം യാത്രക്കാര്‍ സ്വകാര്യ ബസ് സര്‍വീസുകളിലേക്കു മാറിക്കഴിഞ്ഞു. ബസ് ഇല്ലെന്നും മെയ്ന്റനന്‍സിന്റേയുമെല്ലാം പേരിലാണത്രെ സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നത്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റുള്ള കൂടുതല്‍ ബസുകള്‍ അനുവദിക്കുകയും ബസുകളിലെ സീറ്റിങ് സംവിധാനം കൂടുതല്‍ മികവുറ്റതാക്കുകയും ചെയ്താല്‍ ഈ സര്‍വീസില്‍ നിന്നും മികച്ച ലാഭം കൊയ്യാമെന്നു ചൂണ്ടിക്കാട്ടുന്നു. മറ്റു ജില്ലകളിലേക്കുള്ള വിദൂര സര്‍വീസുകളുടെ കാര്യവും വ്യത്യസ്തമല്ല.

തിരുവനന്തപുരത്തേക്കു രാവിലെ ഏഴിനുള്ള വോള്‍വോ സര്‍വീസും കട്ടപ്പുറത്തായി. ചമ്രവട്ടം പാലംവഴി പുതിയ സര്‍വീസ് തുടങ്ങുന്നതിനെന്ന പേരില്‍ എറണാകുളം ഡിപ്പോയിലെ നാല് സൂപ്പര്‍ ഫാസ്റ്റ് ബസുകളാണു കോഴിക്കോട്ടേക്കു കൊടുത്തത്. ഇതുമൂലം എറണാകുളം ഡിപ്പോയില്‍ ഷെഡ്യൂളുകള്‍ റദ്ദു ചെയ്യേണ്ട സ്ഥിതിയാണ്. ഡിപ്പോയിലെ പ്രതിദിന വരുമാനം ഇതുമൂലം കുറഞ്ഞതായും ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

തിരുകൊച്ചിയും മുടന്തുന്നു

സ്വകാര്യ ബസ് ലോബി അടക്കിഭരിച്ചിരുന്ന കൊച്ചി നഗരത്തില്‍ പൊതുഗതാഗത രംഗത്തു വിപ്ളവം സൃഷ്ടിച്ചാണു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അപ്രതീക്ഷിതമായി ‘തിരുകൊച്ചി സിറ്റി സര്‍വീസ് ആരംഭിച്ചത്. അന്ന് ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിലായിരുന്നു ഇതിനു മുന്‍കയ്യെടുത്തത്. 60 പുത്തന്‍ ബസാണു തിരുകൊച്ചി സര്‍വീസിനായി എറണാകുളം ഡിപ്പോയ്ക്ക് അനുവദിച്ചത്. സിറ്റി സര്‍വീസ് ആരംഭിച്ചതോടെ ജനങ്ങള്‍ക്ക് ഏറെ സഹായകരമാവുകയും സ്വകാര്യ ബസുകളുടെ കുത്തക അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മന്ത്രിയും സര്‍ക്കാറും മാറിയതോടെ തിരുകൊച്ചിക്കും കഷ്ടകാലമായി.

60 ബസുകളില്‍ 20 ബസുകള്‍ ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കു ദാനംചെയ്തു. ഇപ്പോള്‍ എറണാകുളത്തേക്ക് ഉള്ളത് 40 ബസുകള്‍. 39 ഷെഡ്യൂളുകള്‍ തിരുകൊച്ചിക്ക് ഉണ്ടെങ്കിലും ഇതില്‍ ആറേഴ് ഷെഡ്യൂളുകള്‍ മുടങ്ങുന്നു. ലോ ഫ്ളോര്‍ ബസ് സര്‍വീസുകളില്‍ 42 എസി ബസുകള്‍ ഇവിടെ ഓടുന്നുണ്ട്. അതേസമയം 12 നോണ്‍ എസി ബസുകളില്‍ വൈറ്റില-വൈറ്റില സര്‍ക്കുലര്‍ ഓടുന്ന രണ്ട് ബസുകള്‍ മാത്രമാണ് ഇപ്പോള്‍ എറണാകുളം സ്റ്റാന്‍ഡിലുള്ളത്. 10 ബസുകള്‍ മറ്റു ഡിപ്പോകളിലേക്കു ചേക്കേറി കഴിഞ്ഞു.

വൃത്തിയില്ലാത്ത സ്റ്റേഷന്‍

കാഴ്ചയിലും സൌകര്യങ്ങളിലും എറണാകുളം പോലൊരു മെട്രോ നഗരത്തിനു ചേരാത്തതാണു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്. നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാന്‍ഡും കെട്ടിടങ്ങളും വൃത്തികേടിന്റെ കേന്ദ്രമാണ്. മഴക്കാലമായി വെള്ളക്കെട്ടു കൂടിയായാല്‍ പറയുകയും വേണ്ട. ആയിരത്തോളം ജീവനക്കാരുള്ള ഡിപ്പോയില്‍ ഇരുന്നൂറോളം ജീവനക്കാര്‍ സ്റ്റേ ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ക്കു മതിയായ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ല. ടോയ്ലെറ്റ് ഒരെണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. അതുതന്നെ കൃത്യമായി വൃത്തിയാക്കാറുമില്ലെന്നാണു പരാതി. നാല്‍പ്പതോളം വനിതാ ജീവനക്കാര്‍ക്കു റസ്റ്റ് റൂം ഉള്‍പ്പെടെയുള്ള സൌകര്യങ്ങളുമില്ല.

തിരുവനന്തപുരം തമ്പാനൂര്‍, അങ്കമാലി ഡിപ്പോകളുടെ മാതൃകയില്‍ ഒരു പൊതുമേഖലാ വാണിജ്യ കേന്ദ്രമാക്കി കൂടി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും എറണാകുളം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിട്ടും അതിനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല.

News From: Malayala Manorama

Leave A Response