Police To Take Action Against Private Buses With Fake Limited Stop Stickers





കോഴിക്കോട്: വിദ്യാര്‍ഥികളെയും ഹ്രസ്വദൂര യാത്രക്കാരെയും കബളിപ്പിക്കാന്‍ ലിമിറ്റഡ് സ്പീഡ് (എല്‍.എസ്), ലിമിറ്റഡ് ഫാസ്റ്റ് (എല്‍.എഫ്) തുടങ്ങി വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ച് സ്വകാര്യ ബസുകള്‍. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.എ. റോസമ്മയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.എ. ദിനേശ് ബാബുവും സംഘവും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ബസുകളിലെ വ്യാജ സ്റ്റിക്കറുകള്‍ പിടികൂടിയത്.

നിയമവിരുദ്ധമായി സ്റ്റിക്കര്‍ ഒട്ടിക്കുകയും ചവിട്ടുപടിയില്‍നിന്ന് യാത്രക്കാരെ ‘ഇന്‍റര്‍വ്യൂ’ നടത്തുകയും ചെയ്ത 13 ബസുകള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു. ഇത്തരം ബസുകള്‍ക്കെതിരെ ആര്‍.ടി.എക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുന്ന ആര്‍.ടി.എ യോഗത്തില്‍ ഇവരുടെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തു.

ലിമിറ്റഡ് സ്റ്റോപ്-ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ ബസുകളില്‍ വിദ്യാര്‍ഥികളെയും സ്റ്റാന്‍ഡില്‍നിന്നുള്ള ഹ്രസ്വദൂര യാത്രക്കാരെയും കയറ്റാറില്ല. ചെറുകിട യാത്രക്കാരെ ഒഴിവാക്കുന്നതിനാണ് ബസുകളുടെ വാതിലുകളില്‍ വ്യാജ സ്റ്റിക്കറ്റുകള്‍ പതിച്ചത്. ഏഴ് ബസുകളില്‍നിന്ന് ഇത്തരം സ്റ്റിക്കറുകള്‍ അധികൃതര്‍ ഒഴിവാക്കി. നഗരത്തോടു ചേര്‍ന്ന പെരുമണ്ണയിലേക്കുള്ള ബസില്‍ വരെ ‘ലിമിറ്റഡ് സ്പീഡ്’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ യാത്രക്കാരെന്ന വ്യാജേന ബസുകളില്‍ കയറിയാണ് ഇന്‍റര്‍വ്യൂക്കാരെ പിടികൂടിയത്. പാലക്കാട് ഭാഗത്തേക്കുള്ള ബസില്‍ രാമനാട്ടുകരക്ക് കയറാന്‍ ശ്രമിച്ച മഫ്തി ഉദ്യോഗസ്ഥരെ ബസ് ജീവനക്കാര്‍ തടഞ്ഞു. ഇവര്‍ ബലമായി കയറി മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വഴിയില്‍ കാത്തുനിന്ന മൊബൈല്‍ പട്രോളിങ് വിഭാഗം ബസ് പിടികൂടുകയുമായിരുന്നു.

പിഴ ഈടാക്കുന്നത് ഒഴിവാക്കി ആര്‍.ടി.എക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കം നടപടിയെടുക്കാനാവും. ട്രാഫിക് പൊലീസും കണ്‍ട്രോള്‍ റൂം പൊലീസും സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിട്ടും ഇന്നലെയും ബസുകളില്‍ ഇന്‍റര്‍വ്യൂ തുടര്‍ന്നു. നാദാപുരം, കൈവേലി, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ബസുകളിലാണ് ഇന്‍റര്‍വ്യൂ. ലിമിറ്റഡ് സ്റ്റോപ് സ്റ്റിക്കര്‍ ഒട്ടിച്ചതിനാല്‍ വിദ്യാര്‍ഥിനികളടക്കം സന്ധ്യവരെ സ്റ്റാന്‍ഡില്‍ കാത്തുനിന്ന് സാദാ ബസില്‍ കയറേണ്ട അവസ്ഥയാണ്. സ്റ്റാന്‍ഡിനുള്ളില്‍ ബസ് ജീവനക്കാര്‍ ട്രാഫിക് പൊലീസിനെ നിയന്ത്രിക്കുന്ന സ്ഥിതിയും നിലവിലുണ്ട്.

ഉയര്‍ന്ന ഓഫിസര്‍മാര്‍ സ്റ്റാന്‍ഡില്‍ മിന്നല്‍ പരിശോധന നടത്തിയാല്‍ പൊലീസ്-ബസ് ജീവനക്കാരുടെ കൂട്ടുകെട്ട് അവസാനിപ്പിക്കാനാവുമെങ്കിലും ആര്‍ക്കും താല്‍പര്യമില്ല.

ചെറുദൂര യാത്രക്കാരെ ഒഴിവാക്കാന്‍ പാലക്കാട്, തൃശൂര്‍, ഗുരുവായൂര്‍ ബസുകള്‍ ട്രാക്കില്‍ കയറാതെ ബസ്സ്റ്റാന്‍ഡ് കവാടത്തിനടുത്ത് നിര്‍ത്തിയാണ് ഇന്‍റര്‍വ്യൂ ചെയ്യുന്നത്.

പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമേ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍, ഒരു മണിക്കൂറും അതിലധികവും സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുകയാണ് ദീര്‍ഘദൂര സ്വകാര്യ ബസുകള്‍. ഇതിനെതിരെയും പൊലീസ് നടപടിയില്ല.

Source: Madhyamam

Leave A Response