Wayanad Ghat Section – A Gateway Of Accidents For KSRTC





വയനാട് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് അധികൃതരെ കുഴക്കുന്നു.

അപകടം പെരുകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചുരം കേന്ദ്രമാക്കി റോഡ് സുരക്ഷാവാരം ആചരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. നടപടി തുടങ്ങി. ചുരത്തിലെ വളവുകളിലൂടെ അപകടമുണ്ടാകാത്ത രീതിയില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ വ്യാപകമായ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിന് കെ.എസ്.ആര്‍.ടി.സി.യുടെ തിരുവനന്തപുരം ചീഫ് ഓഫീസിലെ മെക്കാനിക്കല്‍ എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം കോഴിക്കോട്ടെ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പില്‍ ചേര്‍ന്നു. വാരാചരണം എങ്ങനെ നടത്തണമെന്നതിനെപ്പറ്റി ആലോചിക്കാന്‍ ഈ മാസം 30-ന് കല്പറ്റയില്‍ വേറെ യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ ചുരത്തിലുണ്ടായ വാഹനാപകടങ്ങളില്‍ 19 കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഉള്‍പ്പെട്ടതായി താമരശ്ശേരി ഡിപ്പോയിലെ രേഖകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ അധികവും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സുകളാണ്. ഡീലക്‌സ് ബസ്സുകള്‍ വരെ ഇവിടെ അപകടത്തില്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടമുണ്ടാകുന്നു.

അപകടമുണ്ടാകുന്ന ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നഷ്ടപരിഹാരത്തിനുമായി കെ.എസ്.ആര്‍.ടി.സി.ക്ക് വന്‍തുക അധികബാധ്യതയുണ്ടാകാന്‍ ഇത് വഴിവെക്കുമെന്ന കാര്യം കണക്കിലെടുത്താണ് പരിഹാര നടപടികളെപ്പറ്റി ആലോചിക്കുന്നത്.

ചുരം റോഡ് നവീകരിച്ച് ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ തുറന്നുകൊടുത്തശേഷം ദേശീയപാതയുടെ ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ എത്രയോ വര്‍ധിച്ചതായി ഇവിടെ ഗതാഗതത്തിന്റെ ചുമതല വഹിക്കുന്ന താമരശ്ശേരി ട്രാഫിക് പോലീസും പറയുന്നു. കഴിഞ്ഞ മാസം 14 മുതല്‍ ഈ മാസം 20 വരെ മാത്രം ചുരത്തില്‍ 29 വാഹനാപകടങ്ങള്‍ സംഭവിച്ചതായി അടിവാരത്തെ ട്രാഫിക് പോലീസ് എയ്ഡ്‌പോസ്റ്റിലെ രേഖയില്‍ പറയുന്നു. കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുള്‍പ്പെടെയാണിത്. ഒരേ ദിവസം ഒന്നിലധികം അപകടങ്ങളും ഉണ്ടാകുന്നു. ഇതില്‍ എട്ട് അപകടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ച അപകടങ്ങളാണ് ഇതില്‍ അധികവും. അപകടത്തില്‍പ്പെടുന്ന സ്വകാര്യബസ്സുകളും കുറവല്ല.

നിറയെ യാത്രക്കാരുമായി പോകുന്ന ടൗണ്‍-ടു-ടൗണ്‍ സര്‍വീസുകളും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളുമാണ് അപകടത്തില്‍പ്പെടുന്നവയില്‍ കൂടുതലും. ചെറിയ വാഹനങ്ങള്‍ തട്ടി അപകടമുണ്ടാകുമ്പോള്‍ ഇതിലെ യാത്രക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.

നവീകരിച്ച ചുരം റോഡിന്റെ ഉപരിതലത്തിന് മിനുസം വര്‍ധിച്ചത് അപകടങ്ങള്‍ക്കിടയാക്കുന്നതായി സൂചനയുണ്ട്. മുടിപ്പിന്‍ വളവുകളില്‍ വാഹനങ്ങള്‍ ഇതുമൂലം നിയന്ത്രണവിധേയമാകാതെ വരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ബസ്സും ലോറിയും കാറുമാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. ശ്രദ്ധ നല്കി വാഹനമോടിക്കുകയാണ് പരിഹാരം. അതേസമയം, ചുരത്തിലെ കൊക്കകളുടെ മുകളിലൂടെയുള്ള റോഡില്‍ പോലും സുരക്ഷാഭിത്തിയില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു.

Source: Mathrubhumi

3 Comments

  1. gokul October 26, 2012 at 10:08 AM - Reply

    you know how ksrtc goes through this road they are just like rockets….. some drivers are there they wont even change the gear using 3rd gear to make the curve and all…………. oru pidipikal ane….

  2. Rahul C Raju October 27, 2012 at 7:42 AM - Reply

    how come dat KSRTC in picture has both glass and shutters……. AESTHETIC…… :P

    • Sujith M Tom October 27, 2012 at 9:05 AM - Reply

      nee nayi-kurukkan ennu kettittille..athanu KSRTC.

Leave A Response