Whats happening in Nedumangad depot?





നെടുമങ്ങാട്: ഈ പോക്കു പോയാൽ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം എന്നു തീരും? രണ്ടുവർഷത്തിനുളളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആറു മാസം മുമ്പ് ആരംഭിച്ച അടിസ്ഥാന നിർമ്മാണ ജോലികൾ പോലും എങ്ങുമെത്തിയിട്ടില്ല. ശബ്ദമലിനീകരണത്തിന് ഇടയാക്കുമെന്ന പേരിൽ രാത്രികാലത്തുമാത്രമായി നിർമ്മാണ പ്രവ‌ൃത്തികൾ പരിമിതപ്പെടുത്തിയതാണ് തിരിച്ചടിയായിരിക്കുന്നത്.

തലസ്ഥാനത്തെ ഏറ്റവും വലിയ ഡിപ്പോയായ ഇവിടെ കൊട്ടാരക്കര, കാസർകോട് സ്റ്റേഷനുകളുടെ മാതൃകയിൽ എട്ടു കോടി രൂപയുടെ ബസ് ടെർമിനലാണ് പണിയുന്നത്. കോംപ്ലക്സിലെ കടമുറികൾ മുൻകൂറായി ലേലം ചെയ്തു കിട്ടുന്ന പണം കൊണ്ട് ടെർമിനൽ നിർമ്മാണം പൂർത്തീകരിക്കാനാണ് പ്ലാൻ. ഗ്രൗണ്ട് വർക്ക് സജ്ജമാക്കൽ പോലും വൈകുന്ന സാഹചര്യത്തിൽ ബസ് ടെർമിനൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ഡിപ്പോയുടെ പ്രവർത്തനം താത്കാലികമായി ജല അതോറിട്ടറിയുടെ വി.ഐ.പി ഗ്രൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാനുളള സൗകര്യമില്ലാത്തതിനാൽ എഴുപതോളം ബസുകൾ അന്താരാഷ്ട്ര മാർക്കറ്റിലും പൊതുനിരത്തിലുമായാണ് പാർക്കിംഗ് നടത്തുന്നത്. എ.ടി ഓഫീസാകട്ടെ മാർക്കറ്റ് ജംഗ്ഷനിലെ മുൻസിപ്പൽ കോംപ്ലക്സിലുമാണ്. ഡീസൽ നിറയ്ക്കാൻ നിർദ്ദിഷ്ട ടെർമിനലിനു പിന്നിലെ പഴയ ഗ്യാരേജിൽ ബസുകൾ എത്തണം. നഗരത്തിൽ അഞ്ചു സെക്ടറുകളായി തിരിച്ചാണ് നിലവിലെ ബസ് സർവീസ്.

യാത്രക്കാരെ നെട്ടോട്ടമോടിക്കുന്ന സെക്ടർ ക്രമീകരണത്തെക്കാൾ ദയനീയമായാണ് വി.ഐ.പി വളപ്പിലെ താത്കാലിക ഓപ്പറേറ്റിംഗ് സെന്ററിലും ഗ്യാരേജിലും പണിയെടുക്കുന്ന ട്രാൻ. തൊഴിലാളികളുടെയും ജീവനക്കാരുടെയും അവസ്ഥ. കുടിവെളളമില്ല, കറണ്ടില്ല, വിശ്രമമുറിയില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും മാർഗമില്ല.

മഴയെങ്ങാനും പെയ്തുപോയാൽ ചെളിയിൽ മുങ്ങി വേണം മെക്കാനിക്കൽ ജോലികൾ ചെയ്യാൻ.
ടെർമിനലിന്റ നിർമ്മാണം നടക്കുന്ന പഴയ ബസ് സ്റ്റാന്റ് പരിസരത്തെ വീടുകളിലെ കുടുംബങ്ങളുടെ ഉറക്കവും നഷ്ടപ്പെട്ടു. രാത്രികാലത്തെ തുടർച്ചയായ നിർമ്മാണ ജോലികളാണ് സ്ഥലവാസികളുടെ ഉറക്കം കെടുത്തുന്നത്. നഗരത്തിൽ പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതിനാൽ ബസ് സ്റ്റോപ്പുകളുടെ സമീപത്തെ വീടുകളാണ് സ്ത്രീകളടക്കമുളള യാത്രക്കാരുടെ അഭയം. നഗരജീവിതം ഇത്രത്തോളം ദുരിതപൂർണമായിരിക്കേയാണ് ബസ് ടെർമിനൽ നിർമ്മാണം ഒച്ചു വേഗത്തിൽ ഇഴയുന്നത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Source: Kerala Kaumudy

Leave A Response